St. Mary’s Forane Church | Kudamaloor

ഭക്ത സംഘടനകൾ

അൾത്താര ബാലസഖ്യം

ചെറുപ്രായത്തിൽ കുട്ടികളിൽ ദൈവചിന്തയ്ക്കും സദ്ഗുണങ്ങൾക്കും അടിസ്‌ഥാനമിടുന്നതിനും വൈദികാന്തസ് എന്ന ദൈവവിളിയിലേക്ക് അവരെ നടത്തുന്നതിന് പര്യാപ്തമായ രീതിയിലുള്ളതാണ് ഇവിടുത്തെ അൾത്താര ബാലസഖ്യത്തിന്റെ പ്രവർത്തനങ്ങൾ. വളരെ ചെറുപ്പത്തിലേ ഈ സംഘടനയിൽ അംഗമാകുകയും മടികൂടാതെ എല്ലാ ദിവസവും ആദ്യത്തെയോ രണ്ടാമത്തെയോ ദിവ്യബലിയിൽ ഭക്തിപൂർവ്വം വൈദികനൊപ്പം മദ്ബഹായിൽ ശുശ്രൂഷ ചെയ്യുന്ന ഈ കുട്ടികളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

ചെറുപുഷ്പ മിഷൻലീഗ്

കുടമാളൂർ ഇടവകയ്ക്ക് അഭിമാനിക്കാവുന്ന രീതിയിലാണ് കുഞ്ഞു മിഷനറിമാർക്കു രൂപംനൽകുന്ന ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തിച്ചുവരുന്നത്.   കേരളത്തിലെ എല്ലാ ഇടവകകളിലും മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ഈ സംഘടനയുടെ സ്‌ഥാപകൻ കുടമാളൂർ ഇടവകാംഗമായിരുന്ന ദിവംഗതനായ റവ. ഫാ. ജോസഫ് മാലിപ്പറമ്പിലാണ്.   1947 ഒക്ടോബർ അഞ്ചിന് ഭരണങ്ങാനത്തു ജന്മമെടുത്ത ഈ സംഘടനയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങൾ പ്രേഷിത പ്രവർത്തനവും ദൈവവിളി പ്രോത്സാഹിപ്പിക്കലുമാണ്.   കുടമാളൂർ ഇടവകയിൽ വർഷം തോറും നിരവധി കുട്ടികളാണ് ഇതിൽ അംഗമാകുന്നത്.   വ്യക്തിവികസന ക്യാമ്പുകൾ,  കലാപരിപാടികൾ,  രോഗീസന്ദര്ശനം,  മിഷൻ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണം എന്നിവയാണ് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ.

യുവദീപ്തി

ചങ്ങനാശ്ശേരി അതിരൂപതയിൽ കാര്യക്ഷമമായി പ്രവൃത്തിച്ചുവരുന്ന യുവദീപ്തിയുടെ പ്രവർത്തനങ്ങൾ കുടമാളൂർ ഇടവകയിൽ ഊർജ്ജസ്വലമായി നടക്കുന്നു. യുവജനങ്ങൾക്ക് ആധ്യാത്മികതയിലും വിവിധ ജീവിതരംഗങ്ങളിലും ഉണർവേകുന്ന ക്യാമ്പുകളും സെമിനാറുകളും യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഇടവകയിലെ തിരുന്നാളുകൾ, വിശുദ്ധവാരാചരണം, കൺവൻഷനുകൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവയിലെല്ലാം യുവദീപ്തിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

ദർശന സഖ്യം

1860 മേയ് പതിനെട്ടാം തീയതി മാതാവിന്റെ ദർശന സഖ്യം കുടമാളൂരിൽ സ്‌ഥാപിതമായി.   ഫെബ്രുവരി രണ്ടാം തീയതി മാതാവിന്റെ ശുദ്ധീകരണത്തിരുന്നാൾ ഈ സംഘടനയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.   ആയതിനാൽ തന്നെ ഇതിന് ദർശനത്തിരുന്നാൾ എന്നും പറയുന്നു.   ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത രക്ഷാധികാരിയും, കുടമാളൂർ ഫൊറോനാ പള്ളി വികാരി കപ്ലോനുമായി പ്രവൃത്തിക്കുന്ന ദർശന സഖ്യത്തിന്റെ ഭാരവാഹികളെ സഖ്യം പൊതുയോഗം ചേർന്നു തെരഞ്ഞെടുക്കുന്നു.   ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളുമൊക്കെ സംഘടന നടത്തിവരുന്നു.

വിൻസെന്റ് ഡി പോൾ സൊസൈറ്റി

ഫെഡറിക് ഒസാനാം 1833ൽ പാരീസിൽ ആരംഭിച്ചതും ഉപവിപ്രവർത്തനങ്ങൾക്കു മുൻഗണന നൽകുന്നതുമായ വിശിഷ്ടവും ലോകപ്രസിദ്ധവുമായ സംഘടനയാണ് വിൻസെന്റ് ഡി പോൾ.   ഈ ഇടവകയിൽ വിൻസെന്റ് ഡി പോൾ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 60 വർഷം പിന്നിടുന്നു.   ഇടവകയിലെ പാവപ്പെട്ടവർക്കു ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ട് സംഘടന മുന്നേറുന്നു.

പിതൃവേദി

ചങ്ങാശേരി അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിലുള്ള സംഘടനയായ പിതൃവേദി, കുടുംബജീവിതം നയിക്കുന്ന പിതാക്കന്മാർക്കുള്ള സംഘടനയാണ്. കുടമാളൂരിൽ 2004ൽ തുടങ്ങിയ പിതൃവേദിയിൽ ഇപ്പോൾ 120 അംഗങ്ങൾ ഉണ്ട്. സമൂഹത്തിൽ കത്തോലിക്കാ ധാർമികത വളർത്തുക, മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പ്രവർത്തിക്കുക തുടങ്ങിയവയാണ്‌ സംഘടനയുടെ മുഖ്യ പ്രവർത്തനലക്ഷ്യം.

മാതൃജ്യോതിസ്

കുടുംബിനികളുടെ സംഘടനയായ മാതൃജ്യോതിസ് കുടമാളൂരിൽ സ്‌ഥാപിക്കപ്പെട്ടത് 1977 ഒക്ടോബറിലാണ്. ഇതും ചങ്ങാശേരി അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴിലാണു പ്രവർത്തിക്കുന്നത്. പിതൃവേദിയുടെ അതേ രീതിയിൽത്തന്നെയാണ് ഈ സംഘടനയും. കലാ-കായിക രംഗങ്ങളിൽ ഈ ഇടവകയിലെ അംഗങ്ങൾ മികവ് പുലർത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.