ഈ പള്ളിയിൽ 1944 മുതൽ 1951 വരെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് ഇത്തിപ്പറമ്പിൽ അച്ഛൻ ആരംഭിച്ചതാണ് സെൻറ്. മേരീസ് സ്കൂൾ. 1949 ജൂൺ 11ന് എൽ.പി. സ്കൂളായി അംഗീകാരം ലഭിച്ചു. 1967ലാണ് സ്കൂൾ യു.പി. ആയി ഉയർന്നത്. ഏഴാംക്ളാസ്സ് വരെയുള്ള സ്കൂളിൽ ഇപ്പോൾ 700 കുട്ടികൾ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമായി 25 പേർ സേവനമനുഷ്ഠിക്കുന്നു.
കുടമാളൂർ പള്ളി ഫൊറോനാ ആയി ഉയർത്തിയതിന് ശേഷമാണ് സെൻറ്. അൽഫോൻസാ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ് ആരംഭിച്ചത്. ഫൊറോനാ വികാരി ഫാ. ജോർജ് കൂടത്തിലിന്റെ ദീര്ഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞതാണ് ഈ സ്കൂൾ. ഇടവക പാരിഷ് കൗൺസിൽ, പൊതുയോഗം എന്നിവയുടെയെല്ലാം ഊറ്റമായ പിന്തുണയോടുകൂടി 2010 ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തനമാരംഭിച്ചു. സെന്റ്. മേരീസ് ഫോറൈൻ ചർച്ഛ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
കർമ്മധീരനും ക്രാന്തദര്ശിയുമായിരുന്ന ഫാ. ആന്റണി എളേച്ചംകളം ആണ് ഈ സൊസൈറ്റിക്ക് ഇടവകയിൽ ആരംഭം കുറിച്ചത്. 1986ൽ ആരംഭിച്ച ചാസിന്റെ (ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി) സഹകരണത്തോടെ പ്രവർത്തിച്ചുവരുന്നു. 1988ൽ സർക്കാർ നിയമപ്രകാരം സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടമാളൂരിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യംവച്ചാണ് സൊസൈറ്റി പ്രവർത്തിച്ചു വരുന്നത്. ജനങ്ങളിൽ സമ്പാദ്യശീലം വർധിപ്പിക്കുന്നതിന് നിരവധി നിക്ഷേപ പദ്ധതികളും, വിവാഹസഹായ പദ്ധതി, വിദ്യാഭ്യാസ-ചികിത്സാ സഹായങ്ങൾ എന്നിവയും നടത്തിവരുന്നു. സൊസൈറ്റി വകയായി പള്ളി മുറ്റത്തു ഭക്തസാധനകൾ വിൽക്കുന്ന ഒരു സ്റ്റാളും, മുക്തി പബ്ലിക്കേഷൻ എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാലയും പ്രവൃത്തിച്ചുവരുന്നു. ഇവ കൂടാതെ സബ്സിഡിയോടുകൂടി തയ്യൽ മെഷീൻ വിതരണവും, സെൻറ്. അൽഫോൻസാ ഭവനനിർമ്മാണ പദ്ധതിയോടു സഹകരിച്ചു എല്ലാ വർഷവും; സൊസൈറ്റി ഒരു ഭവനം നിർമ്മിച്ചു നൽകുന്നുണ്ട്.
ഭാരതീയ പശ്ചാത്തലത്തിൽ ദൈവശാസ്ത്ര പഠനങ്ങൾക്ക് പുതിയൊരു ആഭിമുഖ്യവും ഉണർവ്വും നൽകുവാൻ സി. എം. ഐ സഭാംഗമായ റവ. ഫാ. കോൺസ്റ്റന്റൈൻ മണലേൽ 1950ൽ കുടമാളൂർ ഇടവകാതിർത്തിയിലുള്ള പുല്ലരിക്കുന്നിൽ ആരംഭിച്ച പഠനകേന്ദ്രമാണിത്. ഈ സ്ഥാപനത്തിൽനിന്ന് പ്രഖ്യാതരായ ദൈവശാസ്ത്ര പൺഡിതന്മാരുടെ സഹകരണത്തോടെ ‘ജീവധാര’ എന്ന ദൈമാസിക ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധപ്പെടുത്തുന്നു.
“ദി ഗ്രേറ്റ് ജൂബിലി മെമ്മോറിയൽ സെൻറ് അൽഫോൻസാ സെന്റർ” എന്ന അഭയഭവൻ ഇടവകാതിർത്തിയിൽ ചങ്ങനാശേരി അതിരൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു മഹാസംരംഭമാണ്. 1996ൽ അൽഫോൻസാമ്മയുടെ അൻപതാം ചരമവാർഷികാചരണത്തിന്റെയും, 2000 ലെ മഹാജൂബിലിയുടെയും സ്മാരകമായി ആരംഭിച്ചതാണ് ഈ സംരംഭം. വൃദ്ധരും രോഗികളുമായ അനാഥരെ താമസിപ്പിച്ചു ശുശ്രൂഷിക്കുന്നതാണ് ഇവിടുത്ത പ്രധാന പ്രവർത്തനം.
ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജന്മഗൃഹമാണ് അൽഫോൻസാ ഭവൻ എന്നറിയപ്പെടുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള വിശുദ്ധരുടെ ഭവനങ്ങൾ പോലെ തന്നെ ഇവിടെയും അനേകം തീർഥാടകർ വന്നു പ്രാർഥിച്ചു മടങ്ങാറുണ്ട്. അൽഫോൻസാമ്മ ജനിച്ച മുറി, കട്ടിൽ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ തുടങ്ങിയവ ഇവിടെ പൂജ്യമായി സംരക്ഷിച്ചിരിക്കുന്നു. മ്യൂസിയത്തിൽ ജന്മഗൃഹത്തിലുള്ളിലെ ഭിത്തിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെയും വിദ്യാസമ്പന്നരും സേവനസന്നദ്ധരും ഉദാരമതികളുമായ കോട്ടയത്തും സമീപപ്രദേശങ്ങളിലുമുള്ള വനിതകളുടെ സഹകരണത്തോടെ റവ. സിസ്റ്റർ ഡൊളോറസ് കണ്ണമ്പുഴയുടെ നേതൃത്വത്തിൽ കാൻസർ, എയ്ഡ്സ് രോഗികൾക്കായുള്ള സേവനകേന്ദ്രമാണ് കാസ് (CASS). കുടമാളൂരിൽ തൂത്തൂട്ടി കവലയ്ക്കടുത്തു മീനച്ചിലാറിന്റെ തീരത്തായി 2001ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം “സ്നേഹതീരം” എന്ന പേരിലും അറിയപ്പെടുന്നു.
1992 മുതൽ ഈ ഇടവകാതിർത്തിയിൽപ്പെട്ട സെൻറ്. മൈക്കിൾസ് വാർഡിലാണ് നവ ജീവൻ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ പി. യു. തോമസാണ് ഇതിന്റെ സ്ഥാപകനും ട്രസ്റ്റിയും. നൂറുകണക്കിന് അൽമായ പ്രേക്ഷിതരുടെ ആത്മാർത്ഥമായ സഹകരണത്തിലൂടെ നവജീവൻ ട്രസ്റ്റ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. അനാഥരും മാനസികരോഗികളുമായ മുന്നൂറിലേറെ നിരാലംബരെ നവജീവൻ ട്രസ്റ്റ് സംരക്ഷിച്ചുവരുന്നു.
All Rights Reserved @ Kudamaloor Church | Revamped By Haellon