ആമുഖം

[INDEX]

സീറോ മലബാർ സഭയുടെ മധ്യതിരുവിതാംകൂറിലെ പുരാതന പ്രശസ്തമായ ദൈവാലയമാണ് കുടമാളൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിമാനസ്തംഭം. നൂറ്റാണ്ടുകളുടെ അഭിമാനകരമായ ചരിത്രവും പൂർവ്വികരിലൂടെ കൈമാറപ്പെട്ട ആഴമേറിയ വിശ്വാസത്തിൻറ്റെ കെട്ടുറപ്പും കുടമാളൂർ മുത്തിയമ്മയുടെ ഈ ദൈവാലയത്തെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമാക്കി മാറ്റി. വലിയ ആഴ്ചയിലെ തിരുക്കർമങ്ങൾ പ്രത്യേകിച്ച് പീഡാനുഭവ പ്രദർശനം ലോകപ്രശസ്തമാണ്. പതിനായിരക്കണക്കിന് തീർഥാടകരാണ് പെസഹാ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയുമായി കുടമാളൂർ പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയാണ് കുടമാളൂർ പള്ളി. ഇവിടെയാണ് വിശുദ്ധ അൽഫോൻസാമ്മ മാമ്മോദിസാ സ്വീകരിച്ചത്. എല്ലാ വർഷവും ആഗസ്റ് മാസം ആദ്യ ശനിയാഴ്ച നടക്കുന്ന അൽഫോൻസാ തീർഥാടനത്തിൽ പതിനായിരങ്ങൾ അൽഫോസാമ്മയുടെ ജന്മഗൃഹത്തിലും കുടമാളൂർ പള്ളിയിലും എത്തിച്ചേരുന്നു. വിവിധ മതവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കുടമാളൂരിനെ മതമൈത്രിയുടെ പുണ്യഭൂമിയായി നിലനിർത്തുന്നതിന്റെ പ്രധാന ഘടകം കുടമാളൂരിന്റെ ഹൃദയ ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ഈ ദൈവാലയമാണ്.

പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ അതി പുരാതനവും ചരിത്ര പ്രസിദ്ധവുമായ കുടമാളൂർ പള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രമായി സിറോ മലബാർ സഭയുടെ സിനഡ് നിശ്ചയിച്ചുയർത്തി. ഇതിൽ ഇടവക ജനം മുഴുവന്റെയും ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു.

കുടമാളൂർ മുത്തിയമ്മ എന്ന പേരിൽ അറിയപ്പെടുന്നു പരി. കന്യാ മറിയത്തിന്റെ മാധ്യസ്ഥം വഴിയായി അത്ഭുതകരമായ അനുഭവങ്ങളാണ്  ദേവാലയം സന്ദർശിക്കുന്ന നാനാജാതി മതസ്ഥർക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്. അത്ഭുതകരമായ രോഗശാന്തി, സന്താനലബ്ധി, ഉദ്യോഗലബ്ധി, ജീവിതാന്തസ്സ്,‌ സാക്ഷാൽക്കാരം, ദൈവവിളി  കുടുംബസമാധാനം എന്നി കാര്യങ്ങളിലെല്ലാം അമ്മയുടെ ഇടപെടൽ നിരന്തരം അനുഭവവേദ്യമാണ്.

ഈ വെബ്‌സൈറ്റ് സന്ദർശിക്കുന്ന ഏവരെയും കുടമാളൂർ പള്ളിയിൽ എത്തി അമ്മയുടെ സന്നിധാനത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

- എന്ന് നിങ്ങളുടെ സ്വന്തം മാണിയച്ചൻ