പെരുന്നാളുകൾ - നേർച്ചകൾ

[Festivals - Offerings]

പെരുന്നാളുകൾ

നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ തിരുന്നാൾ ആഘോഷങ്ങൾക്കു പേര് കേട്ട ഇടവകയാണ് കുടമാളൂർ.   ആണ്ടുവട്ടത്തിൽ ഇത്രയേറെ തിരുനാളുകൾ ആഘോഷപൂർവം നടത്തുന്ന പള്ളികൾ വിരളമാണ്.  ഫെബ്രുവരിയിൽ മാതാവിൻറെ ശുദ്ധീകരണത്തിരുന്നാൾ,   മാർച്ചിൽ വിശുദ്ധ യൗസേപ്പിതാവിൻറെ മരണത്തിരുന്നാൾ,   ഏപ്രിലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ,   ഓഗസ്റ്റിൽ മാതാവിൻറെ സ്വര്ഗാരോഹണ തിരുനാൾ,   സെപ്റ്റംബറിൽ മാതാവിൻറെ ജനനത്തിരുന്നാൾ,   വ്യാകുലമാതാവിൻറെ തിരുനാൾ,   ഒക്ടോബറിൽ അൽഫോൻസാമ്മയുടെ തിരുനാൾ എന്നിവയാണ് ഇടവകപ്പള്ളിയിലെ പ്രധാന തിരുനാളുകൾ. 

പ്രധാന തിരുനാളുകൾക്കു പുറമേ പിറവിത്തിരുനാൾ, ഉയിർപ്പുതിരുനാൾ, നാല്പതാം വെള്ളി ആചരണം, ഓശാനത്തിരുന്നാൽ എന്നിവയും ഒക്ടോബർ മാസത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും ഭക്ത്യാഢംബരപൂർവം ഇവിടെ നടത്തി വരുന്നു.  മാർച്ച്,  മെയ്,  ജൂൺ മാസങ്ങളിൽ മാസവണക്കം ആഘോഷപൂർവം നടത്തപ്പെടുന്നു.  ആദ്യവെള്ളിയാഴ്ചകളിൽ ആദ്യത്തെ കുർബാനയ്‌ക്കുശേഷം ആരാധനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടത്തുന്നു. എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന രാവിലെ 6:15 നും വൈകുന്നേരം അഞ്ചിനുള്ള കുർബാനയ്ക്കു ശേഷവും നടത്തുന്നു.  ബുധനാഴ്ചകളിൽ കുടമാളൂർ മുക്തിയമ്മയുടെ നൊവേന രാവിലെ 6:15 നുള്ള കുർബാനയ്ക്കു ശേഷം നടത്തി വരുന്നു.   നൊവേനകൾ രണ്ടും നടത്തുന്നത് മുക്തിയമ്മ ദേവാലയം എന്നറിയപ്പെടുന്ന പഴയ പള്ളിയിലാണ്.​

നേർച്ചകൾ

ചെമ്പകശേരി രാജാവ് സ്‌ഥാനം നിർണയിച്ച പള്ളി സ്‌ഥിതിചെയ്യുന്നത് സാമാന്യം സമതല പ്രദേശത്താണ്.  ഹൈന്ദവ മേഖലയായതിനാലും ഹൈന്ദവനായ രാജാവ് പണിയിച്ച പള്ളിയായതിനാലും മതസൗഹാർദത്തിന്റെ ഊഷ്മളതയിലും ധാരാളം ഹൈന്ദവർ ഈ പള്ളിയിൽ വഴിപാടു നടത്താനായി എത്തുന്നു.  പള്ളിയുടെ ആരംഭകാലം മുതൽതന്നെ ചെമ്പകശേരി കൊട്ടാരത്തിൽനിന്നും തുടങ്ങിവെച്ച രണ്ടു വഴിപാടുകളായ പായസനേർച്ചയും, നീന്തുനേർച്ചയും നിർവഹിക്കുന്നതിന് ഇപ്പോൾ പതിനായിരങ്ങളാണ് ഈ പള്ളിയുമായി ബന്ധപ്പെടുന്നത്.  ഇതിനു ക്രൈസ്തവ – ഹൈന്ദവ ഭേദമില്ല.

പായസനേർച്ച അഥവാ കറിനേർച്ച എന്ന പേരിൽ അറിയപ്പെടുന്ന വഴിപാട് ഏറ്റവും ഫലസിദ്ധിയുള്ളതാണ്.  സന്താനഭാഗ്യം ലഭിക്കാതെ വർഷങ്ങളായി നിരാശയിൽ കഴിയുന്ന ദമ്പതികൾ നേരുന്നതാണ് കറിനേർച്ച.  ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് പഴയ പള്ളിയിൽ വന്ന് മുക്തിമാതാവിൻറെ തിരുസ്വരൂപത്തിൽ നോക്കി തീക്ഷണമായ വിശ്വാസത്തോടുകൂടി സന്താനഭാഗ്യത്തിനായി പ്രാർഥിച്ചു കറിനേർച്ച നേരുന്നു.  ഭണ്ഡാരത്തിൽ നേർച്ചയിട്ടശേഷം സാധിക്കുമെങ്കിൽ വികാരിയച്ചനെ കണ്ട് നേർച്ച നേർന്ന വിവരം പറഞ്ഞു ആശീർവാദം സ്വീകരിച്ചു മടങ്ങുന്നു.  തുടർന്ന് ഇരുവരും മുക്തിമാതാവിനോട് പ്രാർത്ഥിക്കുന്നു.  സന്താനസൗഭാഗ്യം സിദ്ധിച്ചശേഷം ഒരു വർഷത്തിനുള്ളിൽ പള്ളിയിൽ വന്ന് നേർച്ച നടത്തി വരുന്നു.  ഇങ്ങനെ സന്താനസൗഭാഗ്യം ലഭിച്ച ജാതിമതഭേദമന്യേയുള്ള നൂറുകണക്കിന് ദമ്പതികൾ വര്ഷം തോറും തങ്ങളുടെ പൊന്നോമനകളുമായി ഇവിടെ വന്നു നേർച്ച നടത്തുകയും ചെയ്തുവരുന്നുണ്ട്.

കറിനേർച്ച പോലെത്തന്നെ കുടമാളൂർ പള്ളിയെ പ്രശസ്തിയിലേക്കുയർത്തിയ ഒരു ഭക്താനുഷ്‌ഠാനമാണ് നീന്തുനേർച്ച .  വിശുദ്ധ വാരത്തിൽ, പ്രത്യേകിച്ച് പെസഹവ്യാഴം,  ദുഃഖവെള്ളി ദിവസങ്ങളിൽ ജാതിമതഭേതമന്യേ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഒരു ഭക്താനുഷ്‌ഠാനമാണിത്.  പഴയ പള്ളിക്ക് അഭിമുഖമായി മൈതാനത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പുരാതന പ്രസിദ്ധമായ കൽക്കുരിശിൻ ചുവട്ടിൽ സ്വയംപ്രാർഥനയ്ക്കു ശേഷം മുട്ടിന്മേൽ നീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിച്ചു പങ്കപ്പാടിന്റെ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോടു പ്രാർഥിച്ചുമാണ് ഈ നേർച്ച പൂർത്തിയാക്കുന്നത്.  ഇതിനായെത്തുന്നവരിൽ നല്ലൊരു ശതമാനം ആളുകളും അന്നേദിവസം ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നു.  ആസ്ത്മ, വാതസംബന്ധിയായ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ശമനത്തിനായാണ് ഈ നേർച്ച അനുഷ്‌ഠിച്ചുവരുന്നത്.

കറിനേർച്ച, നീന്തുനേർച്ച എന്നിവയ്ക്ക് പുറമേ നൂറ്റാണ്ടുകളായി ഇവിടെ പ്രചാരത്തിലുള്ളതാണ് പാളയും കയറും നേർച്ച. കരൾരോഗം, ഉദരരോഗങ്ങൾ മുതലായവയുടെ സൗഖ്യത്തിനായാണ് പാളയും കയറും നേർച്ച അനുഷ്‌ഠിച്ചുവരുന്നത്. പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ കാമുകിൻപാള തൊട്ടിരൂപത്തിൽ നിർമിച്ചു ചകിരികയർ കെട്ടി പഴയപള്ളിക്കു സമീപം വറ്റാത്ത ഉറവയുള്ള കിണറ്റിൽനിന്നും വെള്ളം കോരി കുടിച്ചു പാള അവിടെത്തന്നെ നിക്ഷേപിക്കുന്നതാണ് ഈ നേർച്ച. സ്വർണമുപയോഗിച്ചും വെള്ളിയുപയോഗിച്ചും കയറും പാളയും പ്രതീകാത്മകമായി നിർമിച്ചു പള്ളിയിൽ നൽകുന്ന രീതിയും, ഈ നേർച്ചക്കായി ചെറിയ തുക പള്ളിയിൽ കൊടുത്തുവരുന്ന രീതിയും നിലവിലുണ്ട്.

പെസഹാവ്യാഴായ്ച ഇവിടെ നടത്തിവരുന്ന വിശിഷ്ടമായൊരു നേർച്ചയാണ് തമുക്കു നേർച്ച.  ഇടവകയിലെ കുമാരനല്ലൂർ കരയിലെ (സെന്റ്.  തോമസ് ഇടവക) വിശ്വാസതീക്ഷ്ണതയുള്ള കൂട്ടുകച്ചവടക്കാരായ ഏതാനും പേർക്ക് നൂറ്റാണ്ടുകൾക്കു മുമ്പ് മുക്തിയമ്മ വഴിയായി ലഭിച്ച അത്ഭുതകരമായ അനുഗ്രഹത്തിന് നന്ദിസൂചകമായി ആരംഭിച്ചതാണ് തമുക്കു നേർച്ച.  ഈ പൂർവികരുടെ പിന്തുടർച്ചക്കാരും വാർഡിലെ മറ്റംഗങ്ങളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇപ്പോൾ ഈ നേർച്ച നടത്തിവരുന്നത്.

പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ആചരിക്കുന്ന ഭക്തകൃത്യമാണ് മുൾമുടി ആണി വണങ്ങൽ. ഈശോയുടെ പീഡാനുഭവം ധ്യാനിച്ചു ദൈവാനുഗ്രഹത്തിനും രോഗശാന്തിക്കുമായി ഈ നേർച്ച നടത്തിവരുന്നു.

എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ഫാത്തിമായിലെ പോലെ നടക്കുന്നതാണ് അത്ഭുതജപമാല മെഴുകുതിരി പ്രദിക്ഷണം. പ്രസ്‌തുത പ്രദിക്ഷണത്തിൽ നിയോഗം വച്ചു പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നവരുടെ നൂറുകണക്കിന് സാക്ഷ്യങ്ങൾ മുത്തിയമ്മയുടെ സവിധേയുള്ള പെട്ടിയിൽ വീണു കൊണ്ടിരിക്കുന്നു. അത്ഭുത രോഗശാന്തി, സന്താന സൗഭാഗ്യം, ഉദ്യോഗലബ്‌ധി, വിവാഹം തുടങ്ങി ഒട്ടനവധി അനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങൾ നിത്യേന വന്നുകൊണ്ടിരിക്കുന്നു.

എല്ലാ ചൊവാഴ്ചകളിലും വി.അൽഫോൻസാമ്മയുടെയും, എല്ലാ ബുധനാഴ്ചകളിലും മുത്തിയമ്മയുടെയും നാമത്തിലുള്ള നൊവേനകൾ  നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണയുള്ള വി. കുർബാനക്കു പുറമേ, തീർഥാടകർക്കായി എല്ലാ ദിവസവും 11  മണിക്കു ദേവാലയത്തിൽ വി.കുർബ്ബാന ഉണ്ടായിരിക്കും.