St. Mary’s Forane Church | Kudamaloor

ആരംഭം

ആരംഭം കുറിച്ചത് ഹൈന്ദവ രാജാവ്

ആഗോള കത്തോലിക്കാസഭയിൽ ഉൾപ്പെട്ട സീറോമലബാർ സഭയിലെ ഏറ്റം പ്രാചീനവും പ്രസിദ്ധവുമായ ദേവാലയങ്ങളിലൊന്നായ കുടമാളൂർ പള്ളി ക്രിസ്താബ്ദം 1125 ൽ സ്‌ഥാപിതമായി. ഇത് തികച്ചും അവിചാരിതമായും അപ്രതീക്ഷിതമായും ദൈവപരിപാലനയിൽ രൂപപ്പെട്ടതാണ്. ഇതിന്റെ ആരംഭഘട്ടത്തിൽ ഒരു ക്രൈസ്തവവിശ്വാസിക്കും പങ്കുണ്ടായിരുന്നില്ല. സാധാരണ ഗതിയിൽ ദേവാലയം രൂപപ്പെടുന്നത് ആ ദേശത്തെ ക്രൈസ്തവ സഹോദരങ്ങൾ ഒത്തുചേർന്നു, പലവട്ടം ആലോചിച്ചു, തങ്ങൾക്കു പ്രാർത്ഥിക്കുവാനും ദിവ്യബലിയിലും മറ്റു തിരുകർമ്മങ്ങളിലും സംബന്ധിക്കുവാനും ശവസംസ്കാരത്തിനും മറ്റും സമീപസ്‌ഥമായി ഒരു പള്ളി വേണമെന്ന് തീരുമാനിക്കുമ്പോഴാണ്. ദീർഘദൂരം സഞ്ചരിച്ചു ഇടവകകേന്ദ്രത്തെ സമീപിക്കേണ്ട സാഹചര്യത്തിലാണ് അവരുടെ കഷ്ടതകൾക്ക് ഒരു ആശ്വാസം ലഭിക്കുന്നതിനായി പള്ളികൾ നിർമിക്കുന്നത്.

ജനങ്ങൾ ഒത്തുചേർന്ന് കല്ലും മണ്ണും ചുമന്നും പിരിവെടുത്തും ശ്രമദാനം നടത്തിയുമൊക്കെയാണ് സാധാരണ പള്ളി നിർമ്മിക്കുന്നത്. ഇവർ നേരത്തെ ഉൾപ്പെട്ടിരുന്ന ഇടവകയിലെ ബഹു. വികാരിയച്ചന്റെയും മേലദ്ധ്യക്ഷന്റെയും അനുമതി ഇക്കാര്യത്തിനായി നേരത്തേ വാങ്ങണമെന്നതു നിർബന്ധവുമാണ്. പള്ളിപണി പൂർത്തിയായതായി ബഹു. വികാരിയച്ചന് ബോധ്യമായാൽ തുടർന്ന് അദ്ദേഹം രൂപതാധ്യക്ഷനെ വിവരമറിയിച്ചു നിശ്ചിത ദിവസം പള്ളി കൂദാശ ചെയ്യുകയും, ആദ്യം കുരിശുപള്ളിയായി പ്രഖ്യാപിക്കുകയും ചെയ്യും. ക്രമേണ ഇടവക പള്ളിക്കു വേണ്ട അത്യാവശ്യ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ നിശ്ചിത എണ്ണം വീട്ടുകാരെ ഉൾപ്പെടുത്തി അതിർത്തി നിർണയിച്ചു പൂർണ ഇടവകയായി ഉയർത്തുകയുള്ളൂ. ഇതിനൊക്കെ സഭാതലത്തിൽ ഔദ്യോഗിക നടപടികൾ ഏറെയുണ്ട്.

എന്നാൽ കുടമാളൂർ പള്ളിയുടെ രൂപീകരണം ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്‌തമായിരുന്നു. അക്കാലത്തു ഈ പ്രദേശത്തെങ്ങും ക്രൈസ്തവ വിശ്വാസികളോ ഇടവകപ്പള്ളിയോ ഒന്നുംതന്നെയുണ്ടായിരുന്നില്ല. പൂർണമായും ഹൈന്ദവനിവാസ കേന്ദ്രമായിരുന്നു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ കുടമാളൂർ. മീനച്ചിലാറ്റിന്റെ തീരപ്രദേശത്തുള്ള പുരാതനപ്രസിദ്ധമായ കുമാരനല്ലൂർ ദേവീക്ഷേത്രതിർത്തിയിലെ ഹൈന്ദവവിശ്വാസികളായിരുന്നു ഈ പ്രദേശത്തുള്ളവർ.

അക്കാലത്തു പുതുതായി രൂപംകൊണ്ട കൊടുവാളൂർ രാജ്യത്തിൻറെ പ്രഥമ രാജാവ് “മഹിപാൽ രാജേന്ദ്രൻ” രാജ്യരൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിൽ വളരെയേറെ പ്രതിയോഗികളെ വകവരുത്തി മണ്ണൂക്കുളമെന്ന ഒരു കുളത്തിലേക്ക് നിരവധി ജഡങ്ങൾ വലിച്ചെറിഞ്ഞു. കുമാരനല്ലൂർ ക്ഷേത്രദർശനത്തിന് പതിവായി പൊയ്ക്കൊണ്ടിരുന്ന രാജാവിന് ഈ സംഭവത്തിനുശേഷം മണ്ണൂക്കുളത്തിനു സമീപമെത്തുമ്പോൾ തലചുറ്റലും ദേഹാസ്വാസ്ഥ്യവും ബോധക്ഷയവും അനുഭവപ്പെടുക പതിവായി. ഇത് ആനമറുത പോലുള്ള പൈശാചികശക്തികളുടെ ഉപദ്രവം മൂലമാണെന്ന് ക്രമേണ ബോധ്യപ്പെട്ടു ( പള്ളിയകത്തു മുറിത്തട്ടിന് അടിഭാഗത്തു ഇത്തരത്തിലുള്ള ഒരു ചിത്രം കൊത്തിയുട്ടുണ്ട് ). ഇത് മാറിക്കിട്ടുവാൻ രാജാവ് നിരവധി പൂജാകർമ്മാദികൾ നടത്തിയെങ്കിലും ഉപദ്രവങ്ങൾക്ക് ശമനമുണ്ടായില്ല.

സഹികെട്ട രാജാവ് ജ്യോതിഷപണ്ഡിതരെ വരുത്തി അഭിപ്രായമാരാഞ്ഞു.  ജ്യോതിഷികൾ നൽകിയ ഉപദേശം ഇപ്രകാരമായിരുന്നു.  നിത്യേന ഉപദ്രവമുണ്ടായിക്കൊണ്ടിരിക്കുന്ന മണ്ണൂക്കുളത്തിനു സമീപം ഒരു ക്രൈസ്തവ ദേവാലയം സ്‌ഥാപിച്ചു അവിടെ ക്രൈസ്തവാചാര പ്രകാരമുള്ള പൂജാകർമ്മാദികൾ നടത്തുക.  ഈ നിർദ്ദേശം ലഭിച്ചയുടൻ പള്ളി പണിയാൻ രാജാവ് കല്പനയായി.  അങ്ങനെ ക്രൈസ്തവരുടെ യാതൊരുവിധ പങ്കുമില്ലാതെ ഒരു ഹൈന്ദവരാജാവാണ് കുടമാളൂർ പള്ളിക്ക് ആരംഭം കുറിച്ചത്.

ക്രൈസ്തവ പങ്കാളിത്തം

പള്ളി പണിയാൻ കല്പിച്ചെങ്കിലും ആചാരപ്രകാരമുള്ള പൂജാകർമാദികൾക്കും പ്രാർത്ഥനയ്ക്കും ആളില്ലെന്നത് പുതിയ പ്രശ്നമായി.  അങ്ങനെയാണ് രാജാവ് തന്റെ സൈന്യാധിപനായ അയ്മനം കൈമളിനോട് ഒരു ക്രൈസ്തവകുടുംബത്തെ കണ്ടെത്തുവാൻ നിർദ്ദേശിച്ചത്.  കൈമൾ ആയുധപരിശീലനം നൽകിയിരുന്ന മീനച്ചിൽ കർത്താ എന്നയാളെ സമീപിച്ചു ഒരു ക്രിസ്ത്യാനിയെ ദേശത്തു കൊണ്ടുവന്ന് താമസിപ്പിക്കാൻ സഹായം തേടി.  മീനച്ചിൽ കർത്താ തന്റെ സൈന്യത്തിലെ പ്രമുഖനായ പാലാ മീനച്ചിൽ ദേശത്തുള്ള അവിരാ ചാക്കോ എന്നയാളെ കൈമൾക്കു പരിചയപ്പെടുത്തികൊടുത്തു.  തുടർന്ന് രാജാവ് അവിരാ ചാക്കോയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.  ക്ഷണം സ്വീകരിച്ചെത്തിയ അവിരാ ചാക്കോ രാജാവിന്റെ കല്പന അനുസരിച്ചു.  ഇതിൻപ്രകാരം കുടുംബസമേതം അയ്മനത്തു വന്ന് പാറയിൽ എന്ന കുടുംബപേര് സ്വീകരിച്ചു താമസമാരംഭിച്ചു.

പള്ളിപണിക്കു നേതൃത്വം വഹിച്ച അവിരാ ചാക്കോ, പണി പൂർത്തീകരിച്ച മുറയ്ക്ക് മീനച്ചിലിൽനിന്നും ഒരു വൈദികനെയും ഏതാനും ക്രൈസ്തവ കുടുംബങ്ങളെയും വരുത്തി പള്ളിക്കു സമീപത്തു താമസിപ്പിക്കുകയും ചെയ്തു.  ദേവാലയത്തിൽ ആരാധനാകർമ്മങ്ങളും വിളക്കുവയ്പ്പും ദിനംപ്രതി ആരംഭിച്ചതോടെ പൈശാചികശക്തികളിൽനിന്നു രാജാവിനുണ്ടായിരുന്ന ഉപദ്രവങ്ങൾക്കു ശമനമായി.  പിന്നീട് കാലമേറെ ചെന്നതോടെ പുരാതന ക്രൈസ്തവകേന്ദ്രങ്ങളായ കുറവിലങ്ങാട് , അരുവിത്തുറ, അങ്കമാലി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നും ക്രൈസ്തവ കുടുംബങ്ങൾ കുടമാളൂർ ആറിന്റെ ഇരുകരകളിലുമായി വന്നു താമസമാരംഭിച്ചു.

പള്ളിയുടെ ആരംഭകാലത്തു ഇവിടെ താമസമാക്കിയ മറ്റു കുടുംബങ്ങൾ മുക്കുങ്കൽ,  ചക്കുങ്കൽ,  കുത്തുകല്ലൻ,  തെക്കേടം,  വടക്കേടം,  വഞ്ചിപ്പുര,  പള്ളിക്കിഴക്കേതിൽ,  കുരിശുംമൂട്ടിൽ,  കൂട്ടത്തിൽ,  കാപ്പിൽ പുളിക്കപ്പറമ്പിൽ തുടങ്ങിയവരാണ് .  പുതുതായി വന്ന ഈ ക്രൈസ്തവ കുടുംബങ്ങൾ തദ്ദേശവാസികളായ ഹൈന്ദവരുമായി മതസൗഹാർദത്തിലും സ്നേഹത്തിലുമാണ് വർത്തിച്ചത്.  മതസൗഹാർദ്ദത്തിന് അന്നും ഇന്നും പേരുകേട്ട സ്‌ഥലമാണ് കുടമാളൂർ.